Sunday, July 11, 2010

"എന്‍റെ മാധ്യമ പഠനം"

സ്മിത എസ്‌ ദേവി                                        (ഭാഗം2)

      വ്യത്യസ്തരായ അധ്യാപകര്‍ കൂടെ കൂടെ ലകഷ്യ ബോധത്തെ ഉണര്‍ത്തി. ആരുടെ ക്ലാസ്സാണ് മോശം എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഐ.ജെ.ടി എന്ന ഈ വലിയ വൃക്ഷത്തില്‍ നിറയെ തേന്‍ കിനിഞ്ഞ പൂക്കള്‍ ആണന്നു എനിക്ക് തോന്നിയത് അപ്പോഴാണ്‌.വിവിധ വര്‍ണ ചിറകുകളുമായി എവിടെനിന്നോക്കെയാണ് തേന്‍ ശേഖരിക്കാന്‍ ചങ്ങാതി തേനീച്ചകള്‍ പറന്നെത്തിയിരിക്കുന്നത്............അങ്ങ് മലബാര്‍ മുതല്‍ ഇങ്ങു തെക്കന്‍ തിരുവിതാംകൂര്‍ വരെ... എല്ലാവരും വ്യത്യസ്തര്‍ തന്നെ . രസമുണ്ട് ക്ലാസ്സില്‍. എത്ര ശൈലികള്‍, അഭിരുചികള്‍ ,എല്ലാം അനുഭവിക്കുക എന്നുവച്ചാല്‍ ചെറിയ കാര്യമാ.......? പലതരം കഴിവുകളിലും, ഒരുപടി മുന്നിലാണ് ഓരോരുത്തരും. പ്രായത്തിന്റെ കാര്യമെടുത്താലോ അതും പലതട്ടില്‍. ആദ്യം എല്ലാം നിശബ്ദമായി കൌതുകത്തോടെ നോക്കി. ഉള്ളില്‍ പലപ്പോഴും ചോദിച്ചു, എങ്ങനെ ഇടപഴകണം ഇവരോടെല്ലാം. അടുത്തെങ്കിലും തൊടാന്‍ ശ്രമിച്ചില്ല എന്നു പറയുന്നതാവും ശെരി.
      ആദ്യത്തെ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ക്ലാസ്സിന്റെ ചിട്ടകള്‍ കര്‍ശനമാക്കി. കൃത്യം രാവിലെ 9. 30 നു തന്നെ ക്ലാസ്. വ്യാഴാഴ്ചയുടെ കാര്യത്തില്‍ മാത്രമേ മാറ്റമുള്ളൂ. അത് അല്പം കൂടി നേരത്തെ 9 മണിക്ക്. പക്ഷേ എന്‍റെ ചങ്ങാതി കൂട്ടര്‍ക്ക് അതൊരു ബുധിമുട്ടല്ലല്ലോ. ഭൂരി ഭാഗവും തിരുവിതാംകൂറിന്റെ പലഭാഗങ്ങളില്‍ ഉള്ളവര്‍. പിന്നെ ദൂരത്തു നിന്ന് പറന്നു വന്നവരോ ഓരോ സദനത്തെ ആശ്രയിക്കുന്നവര്‍. ദിവസേന ദീര്‍ഘ ദൂരം പറന്നെത്തുന്ന രണ്ടു പേര്‍ ഞങ്ങളായി, ഞാനും ഇവാന്‍ജലിനും.
       ഓരോ ദിവസവും കൃത്യനിഷ്ഠ കൈ വെടിയാതെ നോക്കാന്‍ ശ്രദ്ധിക്കും. ചിലപ്പോള്‍ മാത്രം ട്രെയിന്‍ ചതിക്കും. ഓ....... അത് പറയാന്‍ ഞാനങ്ങു മറന്നു. എന്‍റെ യാത്രയെ പറ്റി പറഞ്ഞില്ല അല്ലെ. അത് ചെറിയ ഒരു സാഹസം എന്നു വേണേല്‍ പറയാം കേട്ടോ. വീട്ടില്‍ നിന്നും പ്രസ്സ്‌ ക്ലബ്ബില്‍ എത്താന്‍ 2.30 മുതല്‍ 3 മണിക്കൂര്‍ വരെ ട്രെയിന്‍ യാത്ര. ദിവസം 6 മണിക്കൂര്‍ എനിക്ക് ട്രെയിന്‍ യാത്രയില്‍ നഷ്ടം . നഷ്ടംഎന്നു പറയാന്‍ പറ്റില്ല. പല പുതിയ കാര്യങ്ങള്‍ വായിക്കാനും നല്ല വ്യക്തി ബന്ധങ്ങള്‍ ഉണ്ടാക്കാനും ആ സമയം ചിലവഴിക്കാന്‍ ശ്രമിക്കും. എന്നും ക്ലാസ് കഴിഞ്ഞു ട്രെയിന്‍ സമയം കണക്കാക്കി വീട്ടില്‍ എത്തുമ്പോള്‍ സമയം രാത്രി 7 മണി. പിന്നെ അസൈന്‍മെന്റു കള്‍ കാണുമല്ലോ . അത് കഴിഞ്ഞു ഉറക്കമാകുമ്പോള്‍ രാത്രി 1 മണി മിക്കവാറും. വീണ്ടും പുലര്‍ച്ചെ 4 മണിക്ക് ഉണര്‍ന്നാല്‍ മാത്രമേ കൃത്യ സമയം പാലിക്കാന്‍ 6.15 ന്‍റെ മലബാര്‍ എക്സ്പ്രസ് കിട്ടുകയുള്ളൂ.
       "നിനക്കു ഹോസ്റ്റ്ലില്‍ താമസിച്ചുകൂടെ. എന്തിനാണിങ്ങനെ പാട് പെടുന്നത്.?" നിങ്ങള്ക്ക് അറിയാമല്ലോ എന്‍റെ വ്യക്തി പരമായ കാര്യങ്ങള്‍ കുറെയൊക്കെ . ഇനി അതിലേക്കു കാട് കയറണോ ? വേണ്ട.
എന്തൊരു കത്തിയാണിത്. ക്ലാസ്സില്‍ വിശേഷം ഒന്നും ഇല്ലേ.. ? ഉണ്ടല്ലോ... അതല്ലേ പറയാനുള്ളത്...... എന്ത് രസമാണ് നമ്മുടെ ക്ലാസ്സ്. എല്ലാവരും പാവങ്ങള്‍ ആണ്. എല്ലാവരും!... പക്ഷേ ഒരു കുഴപ്പമേയുള്ളൂ "വിശ്വാസം അതല്ലേ എല്ലാം" എന്ന പരസ്യ വാചകം ഇവിടെ കടമെടുക്കാന്‍ പറ്റില്ല. ഓ അപ്പോഴേക്കും നിങ്ങള്‍ പിണങ്ങിയോ.? വേണ്ടന്നെ നമ്മളെന്തിനു മറ്റുള്ളവരെ വിശ്വസിക്കണം നമ്മളാരും കല്യാണ്‍ ജൂവലേഴ്സ്സിന്റെ മക്കളല്ല. ഇവിടെ എത്തിയതും അതിനല്ല. പിന്നെയോ.....
       "മോഹങ്ങളും, സ്വപ്നങ്ങളും പെറ്റു പെരുകുമ്പോള്‍ അലസതയെ മണ്ണിട്ട്‌ മൂടി ഓരോ ദിവസവും ചുറുചുറുക്കോടെ മുന്നോട്ടു പോകാന്‍", വരും വര്‍ഷങ്ങളിലെ പുത്തെന്‍ മാധ്യമ ലോകത്തെ പുതിയ ആശയങ്ങളാണ് നമ്മളൊക്കെ ..... ദൈവമേ കൊതിയാവുന്നു എത്ര എത്ര മാതൃകകളാണ് മനസ്സില്‍ നിറയെ ...............
(തുടരും)

No comments:

Post a Comment