Saturday, October 22, 2011

"കേരളം എന്നും ദൈവത്തിന്റെ സ്വന്തം നാട് "


     പടിഞ്ഞാറ് അറബി കടലും, കിഴക്ക് പശ്ചിമഘട്ടവും, ഇതിനിടയില്‍ വനമേഖല, വന്യ മൃഗസങ്കേതങ്ങള്‍,  വെള്ളച്ചാട്ടങ്ങള്‍, നദികളുടെ കളകളാരവം, കായലിന്റെ ഓളപ്പരപ്പുകള്‍.  തെങ്ങ്, കുരുമുളക്, ഏലം, നെല്ല്, കശുവണ്ടി  ഒപ്പം എന്നും ആര്‍ക്കും അനുയോജ്യമായ കാലാവസ്ഥയും; ഇത്രയും ആയപ്പോള്‍ ലോകത്തിലെ പത്തു സ്വര്‍ഗങ്ങളില്‍ ഒന്ന് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം എന്നതില്‍ അത്ഭുതപെടാന്‍ എന്തിരിക്കുന്നു.  
     പുരാതന സംസ്കാരവും നാണ്യവിളകളുടെ കച്ചവടവുമായി ബന്ധപെട്ടു ലോകത്തിലെ വിവിധ  ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് യാത്രികര്‍ എത്തി. ഗ്രീക്ക്, റോമന്‍, അറബികള്‍, ഡച്ച് , ഫ്രഞ്ച്, ബ്രിട്ടീഷ്‌കാര്‍ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ കേരളത്തില്‍ എത്തിയപ്പോള്‍ ദൈവം കനിഞ്ഞു നല്‍കിയ പ്രകൃതി സൌന്ദര്യം കേരളത്തിനെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി  മാറ്റി. കേരളത്തിന്റെ പ്രകൃതി മനോഹാരിതയും തനതു കലാ രൂപങ്ങളും കേരള തനിമയെ വിളിച്ചറിയിക്കലായി.  ഒപ്പം ടൂറിസം മേഖലക്ക് അനന്ത സാധ്യതകളും. ഈ സാധ്യതകള്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥയില്‍ തന്നെ വന്‍ മുന്നേറ്റം നടത്തി. 
     1986 -ല്‍ ടൂറിസം വ്യാവസായിക പദവി ലഭിച്ച  കേരളം "ദൈവത്തിന്റെ സ്വന്തം നാട് " എന്നാ പദവി സ്വീകരിച്ചതോടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി.  എന്നും ഇപ്പോഴും നല്ലതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളിക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍  നമ്മുടെ മലയോര മേഖലകളും, കായലുകളും ബീച്ചുകളും, നിറഞ്ഞ പ്രകൃതി രാമനീയതയും ഒരു അനുഗ്രഹമായി.  കൂട്ടത്തില്‍ ആയുര്‍വേദത്തിന്റെ കൈപുണ്യവും. 
     മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി, വാഗമണ്‍, പൊന്മുടി കൂടാതെ നാഷണല്‍ പാര്‍ക്കുകളും വന്യമൃഗ സങ്കേതങ്ങളും ടൂറിസം പാതയെ വികസിപ്പിക്കാന്‍ കഴിഞ്ഞു.  1498 -ല്‍ വാസ്കോ ഡ ഗാമ കാല്‍ കുത്തിയ കാപ്പാട് ബീച്ച് മുതല്‍ ഇന്നും വിദേശികള്‍ നിറഞ്ഞൊഴുകുന്ന കോവളം ബീച്ച് വരെ ടൂറിസം കേന്ദ്രങ്ങളായി.  'കിഴക്കിന്റെ വെനീസും', 'അറബിക്കടലിന്റെ' റാണിയും', തിരുവിതാംകൂറിന്റെ ആഡ്യത്വവും ഇവിടെ എത്തുന്ന ഇതു സഞ്ചാരികളെ ആണ് തിരികെ പോകാന്‍ പ്രേരിപ്പിക്കുന്നത്. കേരള സംസ്കാരം ഉറങ്ങുന്ന ബേക്കല്‍ കോട്ട മുതല്‍ ശ്രീ പദ്മനാഭന്റെ അനന്തപുരി വരെ ടൂറിസം മേഖലക്ക് നീണ്ട സാധ്യതകള്‍.  വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഥകളി, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം, തെയ്യം, പടയണി, ചാക്യാര്‍കൂത്ത് എന്നിങ്ങനെ തനതു കലാരൂപങ്ങള്‍.  ആനകളെ അണി നിരത്തുന്ന പൂരങ്ങള്‍, വ്യത്യസ്തമായ ആചാരങ്ങളും ഐതീഹ്യങ്ങളും നിറഞ്ഞ ഉത്സവങ്ങള്‍, ജലമാര്‍ഗം കെട്ടുവള്ളം, വള്ളംകളി എന്നിങ്ങനെ പോകുന്ന   ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇനിയും ഏറെ ദൂരം വികസനം എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥ എവിടെ എത്തുമായിരുന്നു. 
     ആഗോള നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കി കേരളത്തെ മാറ്റണം എന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവന സാധ്യമായാല്‍ ഏതൊരു കേരളീയനും ദൈവത്തിന്റെ ഏറ്റവും അടുപ്പം ഉള്ള ആളെന്ന് അഹങ്കരിക്കാം.  പക്ഷെ അതിനു മുന്‍പ് കേരളത്തിലെ ഇന്നത്തെ റോഡുകള്‍ തോടുകളായി തുടര്‍ന്നാല്‍ "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് പുകഴ്ത്തി പാടുന്ന വിനോദ സഞ്ചാരികള്‍ നമ്മുടെ കേരളത്തിലേക്ക് വരാന്‍ ഒന്ന് അറക്കില്ലേ? 
      മാലിന്യ മുക്ത കേരളം എന്നുറക്കെ പറയുമ്പോള്‍ റോഡുകളും തോടുകളും തീരങ്ങളും പ്ലാസ്റ്റിക്‌ ചവറിനാല്‍ മലകള്‍ തീര്‍ക്കുന്നു. റോഡുകള്‍ റോഡുകളായി തന്നെയും മാലിന്യമുക്ത കേരളം വാക്കുകളില്‍ നിന്നും പ്രാവര്‍ത്തികമായാല്‍  കേരളം എന്നും "ദൈവത്തിന്റെ സ്വന്തം നാട് " തന്നെ.  ടൂറിസം മേഖലക്ക് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ എവിടെയെങ്കിലും ഒക്കെ എത്തിക്കാന്‍ കഴിയും എന്നതും ഉറപ്പു.